നഗരത്തിൽ ഫ്ലെക്സ് ബോർഡ്….മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം….

കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ‘പുതുയുഗ കോൺഗ്രസ്’ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി പ്രസിഡൻ്റ് പദത്തിൽ മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്. ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പിസി വിഷ്ണുനാഥും മന്ത്രിയായതിനാൽ നേതൃപദവികളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ശക്തനായ വക്താവ് കൂടിയായ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.



