മഴ പെയ്തപ്പോൾ ആകാശത്തുനിന്ന് വീണത് ജീവനുള്ള മത്സ്യങ്ങൾ! അത്ഭുത പ്രതിഭാസത്തിന് പിന്നിൽ

മഴയെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം എത്തുന്നത് എന്തായിരിക്കും? ആകാശം ഇരുണ്ടുകൂടുന്നതും മേഘങ്ങളിൽനിന്ന് മഴത്തുള്ളികൾ പൊഴിഞ്ഞിറങ്ങുന്നതും, തണുത്ത കാറ്റും മഴയുടെ മനോഹരമായ ശബ്ദവുമൊക്കെയായിരിക്കും. എന്നാൽ ഓസ്ട്രേലിയയിലെ ലജമാനുവിലുള്ളവരോട് മഴയെക്കുറിച്ച് ചോദിച്ചാൽ അതിനൊപ്പം മറ്റൊരു വാക്കുകൂടി കേൾക്കാം, മീൻ! കാരണം ഇവിടെ മഴയ്ക്കൊപ്പം ആകാശത്തുനിന്ന് മീനുകൾ പെയ്തിറങ്ങിയ സംഭവമുണ്ട്.
മരുഭൂമിക്ക് സമീപമുള്ള ലജമാനുവിലാണ് ആരെയും അമ്പരപ്പിക്കുന്ന ഈ പ്രകൃതിപ്രതിഭാസം അരങ്ങേറിയത്. ശക്തമായ ചുഴലിക്കാറ്റിന് പിന്നാലെ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രദേശവാസികൾ. എന്നാൽ മഴത്തുള്ളികൾക്കു പകരം ആകാശത്തുനിന്ന് താഴേക്ക് പതിച്ചത് ജീവനുള്ള മീനുകളായിരുന്നു. റോഡിലും വീടുകൾക്ക് സമീപത്തുമെല്ലാം മീനുകൾ വീണുകിടക്കുകയും പിടയുകയും ചെയ്യുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്.
കാഴ്ച കണ്ട് അമ്പരന്ന പലരും മീനുകളെ ശേഖരിക്കാൻ പാത്രങ്ങളുമായി എത്തിയെന്നാണ് സംഭവത്തിന് സാക്ഷിയായ ഒരാൾ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നിലത്ത് വീണ മീനുകളിൽ പലതും ജീവനോടെയുണ്ടായിരുന്നു. പ്രകൃതിയുടെ ഈ അസാധാരണ കാഴ്ച നാട്ടുകാരെ ഒരേസമയം അമ്പരപ്പിക്കുകയും കൗതുകപ്പെടുത്തുകയും ചെയ്തു.
എന്നാൽ ലജമാനുവിൽ ഇത് ആദ്യത്തെ ‘മീൻമഴ’യല്ല. പല വർഷങ്ങളിലായി ഇവിടെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മീനുകൾ ആകാശത്തുനിന്ന് വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങളെ ദൈവാനുഗ്രഹമായും ഭാഗ്യമായുമാണ് നാട്ടുകാർ കാണുന്നത്.
പക്ഷേ, അതിന് പിന്നിൽ ശാസ്ത്രീയമായ വിശദീകരണമുണ്ട്. ശക്തമായ ചുഴലിക്കാറ്റുകളും കാറ്റുചുഴികളും രൂപപ്പെടുമ്പോൾ നദികളിലും തടാകങ്ങളിലും മറ്റ് ജലാശയങ്ങളിലുമുള്ള ചെറിയ മീനുകളെ കാറ്റിന്റെ ശക്തി മുകളിലേക്ക് ഉയർത്തിക്കൊണ്ടുപോകാം. പിന്നീട് കാറ്റിന്റെ ശക്തി കുറയുമ്പോൾ ഇവ മഴയ്ക്കൊപ്പം ഭൂമിയിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്.
മീനുകൾ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തവളകൾ ഉൾപ്പെടെയുള്ള ചെറുജീവികളും ആകാശത്തുനിന്ന് വീണതായി റിപ്പോർട്ടുകളുണ്ട്. ചിലയിടങ്ങളിൽ മാംസക്കഷണങ്ങൾ പോലുള്ള അസാധാരണ വസ്തുക്കൾ മഴയ്ക്കൊപ്പം വീണ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയുടെ ശക്തി എത്രത്തോളം അപ്രതീക്ഷിതമായ കാഴ്ചകൾ സമ്മാനിക്കുമെന്നതിന്റെ വിചിത്രമായ ഉദാഹരണങ്ങളാണ് ഇത്തരം മഴകൾ.



