പി.എഫ് നിക്ഷേപവും പെൻഷനും ഉയരും; ഇ.പി.എഫ്-ഇ.പി.എസ് ശമ്പളപരിധി 25,000 രൂപയാക്കാൻ കേന്ദ്രം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.), എംപ്ലോയീസ് പെൻഷൻ സ്‌കീം (ഇ.പി.എസ്.) എന്നിവയുടെ കണക്കുകൂട്ടലിന് അടിസ്ഥാനമായ പരമാവധി ശമ്പളപരിധി നിലവിലെ 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. ധനമന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്‌പെൻഡിച്ചർ വകുപ്പ് നിർദേശത്തിന് അനുമതി നൽകിയതായാണ് റിപ്പോർട്ട്. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പുതിയ ശമ്പളപരിധി പ്രാബല്യത്തിൽ വരും. 2027 ഏപ്രിൽ മുതൽ ഇത് നടപ്പാക്കാനാണ് സാധ്യതയെന്നാണ് സൂചന.
2014 സെപ്റ്റംബർ 1 മുതൽ നിലവിലുള്ള ചട്ടപ്രകാരം ഇ.പി.എഫിനും ഇ.പി.എസിനും കണക്കാക്കുന്ന പരമാവധി ശമ്പളം 15,000 രൂപയാണ്. പുതിയ തീരുമാനത്തോടെ ഈ പരിധി 25,000 രൂപയായി ഉയരും.
നിലവിൽ 15,000 രൂപയുടെ 12 ശതമാനമായ 1,800 രൂപയാണ് ജീവനക്കാരൻ നിർബന്ധമായും പി.എഫിലേക്ക് അടയ്ക്കേണ്ടത്. ഇതേ തുക തൊഴിലുടമയും സംഭാവന ചെയ്യും. തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 1,250 രൂപ (15,000 രൂപയുടെ 8.33 ശതമാനം) പെൻഷൻ ഫണ്ടിലേക്കും ശേഷിക്കുന്ന 550 രൂപ പി.എഫ്. അക്കൗണ്ടിലേക്കുമാണ് എത്തുന്നത്. ഇതോടെ പി.എഫ്. അക്കൗണ്ടിൽ ആകെ 2,350 രൂപ ക്രെഡിറ്റാകും.
ശമ്പളപരിധി 25,000 രൂപയായാൽ ജീവനക്കാരന്റെ മാസ പി.എഫ്. വിഹിതം 3,000 രൂപയാകും. തൊഴിലുടമയുടെ 3,000 രൂപയിൽ നിന്ന് 2,082 രൂപ പെൻഷൻ ഫണ്ടിലേക്കും ബാക്കി 918 രൂപ പി.എഫ്. അക്കൗണ്ടിലേക്കും നിക്ഷേപിക്കും. ഇതോടെ പി.എഫ്. അക്കൗണ്ടിൽ പ്രതിമാസം ആകെ 3,918 രൂപ ലഭിക്കും.


