തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ… ഇന്ന് കൊട്ടിക്കലാശം…

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കറുത്ത കുതിരകളാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു വടക്കൻ കേരളത്തിലെ കഴിഞ്ഞ മൂന്നാഴ്ച കാലത്തെ പ്രചാരണ രംഗം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും എല്ലാം അവസാന ദിനങ്ങളിൽ സജീവ ചർച്ചയായി. അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ഇക്കുറിയെങ്കിലും വടക്ക് അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയിൽ കലാശക്കൊട്ടിന് ഇറങ്ങുകയാണ് എൻഡിഎ.



