‘തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു..

രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്ദറിൽ യുവജനങ്ങളുടെ വീര്യവും സൗന്ദര്യവും രാജ്യം കണ്ടതാണെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. ഒടുവിൽ ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പൂർണ്ണമായി തിരിച്ചറിഞ്ഞു. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായി യുവാക്കൾ ഡൽഹിയിൽ എത്തിയപ്പോൾ പാർലമെന്റ് വിറച്ചു. ഇന്ന് സമരം ചെയ്യാൻ ജന്തർ മന്ദർ മാത്രമല്ല ഉള്ളത്, എവിടെ വേണമെങ്കിലും സമരം ചെയ്യാവുന്ന രീതിയിൽ സമരവേദികൾ മാറിയിരിക്കുന്നു. ഇതോടൊപ്പം നിലവിലെ വ്യവസ്ഥിതികൾക്ക് ബദൽ എന്താണെന്നത് കൂടി ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ ഗൗരവമായി ചർച്ച ചെയ്യണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി


