കേവലം ഒരു വീട് പണിത് നല്‍കി നിതിൻ്റെ രക്തസാക്ഷിത്വത്തെ കോംപ്രമൈസ് ചെയ്യരുത്…എംഎസ്എഫ് നേതാവ് സി കെ നജാഫ്

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്. കേവലം ഒരു വീട് പണിത് നല്‍കി നിതിൻ്റെ രക്തസാക്ഷിത്വത്തെ കോംപ്രമൈസ് ചെയ്യാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്ന് സി കെ നജാഫ് പറഞ്ഞു. നിതിന്‍ ആത്മഹത്യ ചെയ്തത് ജാതിക്കോമരങ്ങള്‍ കൂട്ടിയ ചിതയിലേക്കാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘അവന്റെ ആത്മാവും എരിഞ്ഞടങ്ങിയ ശരീരവും ആഗ്രഹിക്കുന്നത് സമഗ്രമായ സാമൂഹിക പരിവര്‍ത്തനത്തിന് ഹേതുവാകാന്‍ സാധിക്കുന്ന ശക്തമായ നടപടികളാണ്. നിതിനെ ജാതിയുടെയും നിറത്തിന്റെയും പേരില്‍ അവഹേളിച്ച അദ്ധ്യാപകര്‍, ആള്‍ക്കൂട്ട വിചാരണ നടത്തിയ സ്റ്റാഫ് റൂം, ഉദാസീനമായി പ്രതികരിച്ച മേലധികാരികള്‍ എല്ലാവരും പ്രോസിക്യൂട്ട് ചെയ്യപ്പെടണം. പരമാവധി ശിക്ഷ അവര്‍ക്ക് വാങ്ങി നല്‍കണം’, സി കെ നജാഫ് പറഞ്ഞു.



