മധുവിനെയും ബിന്ദുവിനെയും അറിയാമോ…! സിപിഎം പ്രചാരണഗാനത്തിന്റെ പാരഡി പാടി പരിഹാസവുമായി ഹരീഷ് പേരടി…
മോഷണക്കുറ്റമാരോപിച്ച് പോലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സർക്കാരിനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി.സിപിഎം പ്രചാരണഗാനത്തിന്റെ പാരഡി പാടിയാണ് ഹരീഷ് പേരടി സർക്കാരിനെ വിമർശിക്കുന്നത്. പുഷ്പനെ അറിയാമോ എന്ന വരികൾക്ക് പകരം, അട്ടപ്പാടിയിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റേയും പേരൂർക്കടയിലെ ബിന്ദുവിന്റേയും പേരുകൾ ഉപയോഗിച്ചാണ് ഹരീഷ് പേരടിയുടെ പാട്ട്.
https://www.facebook.com/watch/?v=703646159283146
നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ലെന്നും വനിതാ പോലീസെത്തി വിവസ്ത്രയാക്കി പരിശോധന നടത്തിയതായും പേരൂർക്കടയിലെ പരാതിക്കാരി ബിന്ദു ആരോപിച്ചിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശൗചാലയത്തിൽ പോയി വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടെന്നും പോലീസുകാർ അസഭ്യംപറഞ്ഞതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ബിന്ദു പറയുന്നു. നിരപരാധിത്വം തെളിഞ്ഞിട്ടും മണിക്കൂറുകളോളം സ്റ്റേഷനിൽ നിർത്തിയശേഷമാണ് ഫോൺ തിരികെനൽകിയതും വീട്ടിലേക്കു പോകാൻ അനുവദിച്ചതും. തുടർന്ന് മുഖ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ബിന്ദു പരാതി നൽകിയിരുന്നു. പരാതിയുമായി സമീപിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി അപമാനിച്ചതായി ബിന്ദു വെളിപ്പെടുത്തിയിരുന്നു.
സർക്കാരിന്റെ വാർഷികാഘോഷത്തേയും പരിപാടികളിൽ വേടന് വേദി അനുവദിക്കുന്നതിനേയും ഹരീഷ് പേരടി പരോക്ഷമായി പരിഹസിക്കുന്നു. ‘ശങ്കരാടി സാർ പറഞ്ഞതുപോലെ, ഇച്ചിരി ഉളുപ്പ്’, എന്ന വാക്കുകൾ ആവർത്തിച്ച് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.