‘പൊലീസിനെ മോശമായി ചിത്രീകരിക്കുന്നത് സേനയുടെ മനോവീര്യത്തെ ബാധിക്കും’

നെട്ടയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ പൊലീസിനെതിരെ നടത്തിയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ദീർഘകാലം സേനയുടെ ഭാഗമായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ ശ്രീലേഖ പൊലീസിനോട് കൂടുതൽ അനുഭാവപൂർവ്വം പെരുമാറണമായിരുന്നുവെന്ന് ഡിജിപി പറഞ്ഞു.
പൊലീസിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുമ്പോൾ വസ്തുതകൾ പരിശോധിക്കണമെന്നും സേനയോടുള്ള ഉത്തരവാദിത്തം മറക്കരുതായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്ന ഒരാളിൽ നിന്ന് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. പൊലീസിനെ മോശമായി ചിത്രീകരിക്കുന്നത് സേനയുടെ മനോവീര്യത്തെ ബാധിക്കും’ ഡിജിപി വ്യക്തമാക്കി.
ശ്രീലേഖയ്ക്കെതിരെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിൽ നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെട്ടയം സംഘർഷത്തിനിടെ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും ബിജെപി പ്രവർത്തകരെ അകാരണമായി വേട്ടയാടുന്നുവെന്നും ആരോപിച്ച് ശ്രീലേഖ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. മുൻ സഹപ്രവർത്തകർക്കെതിരെ ഉൾപ്പെടെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതാണ് ഡിജിപിയെ ചൊടിപ്പിച്ചത്.



