സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് തെറ്റ്; സിപിഎം

പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണ്ണരൂപത്തിൽ അവതരിപ്പിച്ചത് കടുത്ത തെറ്റാണെന്നും മതേതരത്വത്തിന് പോറലേൽപ്പിക്കുന്ന നടപടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നത് ഭാരതം പോലുള്ള ഒരു ബഹുസ്വര സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്ന നിലപാട് ചരിത്രപരമായി സ്വീകരിച്ചത് കോൺഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. എന്നാൽ സ്വന്തം പാർട്ടിയുടെ ചരിത്രപരമായ നിലപാടുകളെപ്പോലും അട്ടിമറിച്ചുകൊണ്ടാണ് വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവാദ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണരൂപത്തിൽ ഗാനം ആലപിച്ചതെന്ന് സിപിഎം കുറ്റപ്പെടുത്തി.
1937 ഒക്ടോബർ 30-ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ഔദ്യോഗിക പ്രമേയത്തിലൂടെയാണ് വന്ദേമാതരത്തിലെ ചില വരികൾ വെട്ടിമാറ്റാൻ തീരുമാനിച്ചത്. തുടർന്ന് 1950 ജനുവരി 24-ാം തീയതി രാജ്യത്തിന്റെ ഭരണഘടനാ നിർമ്മാണ സഭ ഈ തീരുമാനം പൂർണ്ണമായി അംഗീകരിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതി നിശ്ചയിച്ച പ്രകാരം വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ എട്ട് വരികൾ മാത്രമേ ഇന്ത്യയുടെ ഔദ്യോഗിക ‘ദേശീയ ഗീതമായി’ അവതരിപ്പിക്കാൻ പാടുള്ളൂ എന്ന് ഭരണഘടനാ ശില്പികൾ വ്യക്തമാക്കിയതാണ്. ഈ ചരിത്രപരമായ സുപ്രധാന തീരുമാനത്തെയാണ് പുതിയ ഭരണകൂടം ഔദ്യോഗിക ചടങ്ങിൽ പരസ്യമായി ലംഘിച്ചിരിക്കുന്നത്.



