ജോസ് കെ മാണിയുടെ ക്രോസ് വോട്ടിങ് ആരോപണത്തിൽ സിപിഎമ്മിന് അതൃപ്തി

കേരള കോൺഗ്രസ് എം ഉയർത്തിയ ക്രോസ് വോട്ടിങ് ആരോപണം ഇടത് മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. സി.പി.എം വോട്ടുകൾ യു.ഡി.എഫിലേക്ക് മറിഞ്ഞതായി പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്താനായിട്ടില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. അതേസമയം, ഇത്തരമൊരു ആരോപണം കേരള കോൺഗ്രസ് എം പരസ്യമായി ഉയർത്തിയതിനെതിരെ സിപിഎം നേതൃത്വത്തിൽ അമർഷം ശക്തമാകുകയാണ്.
കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി ക്രോസ് വോട്ടിങ് സംബന്ധിച്ച ആക്ഷേപങ്ങൾ പരാമർശിച്ചത്. മലബാറിലുൾപ്പെടെ ഇത്തരം പ്രവണത ഉണ്ടായതായി നേതാക്കൾ ചൂണ്ടിക്കാട്ടിയെന്നും വിഷയം മുന്നണി തലത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾ പൊതുവേദിയിൽ പറയുന്നതിന് പകരം മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടതായിരുന്നുവെന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം. വിഷയത്തിൽ അനാവശ്യ പരസ്യചർച്ചകൾ ഒഴിവാക്കണമെന്ന നിർദേശവും പാർട്ടി നേതാക്കൾക്ക് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ സംഘടനാപരമായ വീഴ്ചകൾ പരിശോധിച്ച് തിരുത്തുമെന്ന് പ്രതികരിച്ചിരുന്നു. അത്തരമൊരു സ്വയംവിമർശന ഘട്ടത്തിലേക്ക് കടക്കുന്നതിനുമുമ്പ് തന്നെ മുന്നണി വോട്ടുകൾ മറിഞ്ഞെന്ന ആരോപണം ഉയരുന്നതിലാണ് പാർട്ടിക്കുള്ളിലെ അസ്വസ്ഥത.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, റാന്നി എന്നീ കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ തോൽവിയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. എന്നാൽ, വലിയ ഭൂരിപക്ഷ വ്യത്യാസമില്ലാത്ത തോൽവികളായതിനാൽ തിരിച്ചുവരവ് സാധ്യമാണെന്ന വിലയിരുത്തലിലാണ് പാർട്ടി. ഇതേ വാദമാണ് സി.പി.എമ്മും മുന്നോട്ടുവയ്ക്കുന്നത്. സി.പി.എം വോട്ടുകൾ വ്യാപകമായി മറിഞ്ഞിരുന്നുവെങ്കിൽ തോൽവികളുടെ ഭൂരിപക്ഷം കൂടുതലാകുമായിരുന്നുവെന്നാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്.
തോറ്റ ഇടത് സ്ഥാനാർഥികളിൽ ആരും ഇതുവരെ പരസ്യമായി ക്രോസ് വോട്ടിങ് ആരോപണം ഉന്നയിച്ചിട്ടില്ല. വൈക്കത്തെ അപ്രതീക്ഷിത തോൽവി സി.പി.ഐയെ ഏറെ ബാധിച്ചിരിക്കുകയാണ്. ബി.ജെ.പി. അനുകൂല വോട്ടുകൾ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതാണ് പരാജയകാരണമെന്ന് സ്ഥാനാർഥി പി. പ്രദീപിന്റെ വിലയിരുത്തൽ.
അതേസമയം, കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിലെ സി.പി.എം. ശക്തികേന്ദ്രങ്ങളിൽ മന്ത്രി വി എൻ വാസവന്റെ ഭൂരിപക്ഷം കുറയുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെയും പാർട്ടി വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായിട്ടില്ലെന്നും ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാണ് ഫലത്തെ ബാധിച്ചതെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. മലബാറിൽ വ്യത്യസ്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് പാർട്ടി തലത്തിൽ പരിശോധിക്കാമെങ്കിലും അതിനു മുമ്പ് പരസ്യ ആരോപണങ്ങൾ ഉന്നയിക്കേണ്ടതില്ലായിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ സൂചന.



