കൗൺസിലർ സുഗതന് ആറുമാസം അവധി…. തിരുവനന്തപുരം കോർപ്പറേഷനിൽ…

തിരുവനന്തപുരം: കൗൺസിലർ ആർ. സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം പ്രതിഷേധത്തിലും ബഹളത്തിലും മുങ്ങി. കൗൺസിൽ നടപടികൾക്കിടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി പ്രതിഷേധം സംഘടിപ്പിച്ചു. ‘കൗൺസിലിലെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക, കാപ്പാ കേസ് പ്രതിയെ അയോഗ്യനാക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
ഇതിനിടെ കൗൺസിലർ ആർ. സുഗതൻ സമർപ്പിച്ച അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചതായി മേയർ വി. വി. രാജേഷ് അറിയിച്ചു. 51 അംഗങ്ങൾ അപേക്ഷയെ പിന്തുണച്ചതോടെയാണ് അവധി അനുവദിച്ചത്. പൗണ്ട്കടവ് വാർഡിലെ കൗൺസിലറും കോൺഗ്രസ് വിമതനുമായ സുധീഷിന്റെ പിന്തുണയും നിർണായകമായി. അതേസമയം, ബിജെപിയെ അല്ല, സഹപ്രവർത്തകനായ ആർ. സുഗതനെയാണ് പിന്തുണച്ചതെന്ന് സുധീഷ് പ്രതികരിച്ചു. വ്യക്തിപരമായ അഭ്യർഥനയെ തുടർന്നാണ് പിന്തുണ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാനാണ് അവധി അപേക്ഷ നൽകിയതെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. മൂന്ന് കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്ത പക്ഷം മുനിസിപ്പൽ നിയമപ്രകാരം അംഗത്വം നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് ആരോപണം.
അതേസമയം, മുനിസിപ്പാലിറ്റി നിയമപ്രകാരം ഇത്തരത്തിൽ അവധി അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് കൗൺസിലർ ശബരീനാഥൻ ആരോപിച്ചു. നിയമം ലംഘിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ യോഗത്തിൽ ബഹളം തുടർന്നെങ്കിലും വിവിധ അജണ്ടകൾ പരിഗണിച്ച് കൗൺസിൽ യോഗം പൂർത്തിയാക്കി.



