സഭ പിരിച്ചു വിട്ട് രാഷ്ട്രപതി വിജ്ഞാപനം വൈകിപ്പിക്കുന്നത് എന്തിന്?, പിന്നിൽ..

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞ് 27 ദിവസമായിട്ടും സഭ പിരിച്ചു വിട്ട് രാഷ്ട്രപതി വി‍ഞ്ജാപനം ഇറക്കാത്ത നടപടിക്ക് പിന്നില്‍ ഗൂഢലക്ഷ്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് വിവാദ ബില്ലുകള്‍ പാസാക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പല പാര്‍ട്ടികളെയും എങ്ങനെയും വശത്താക്കാനുള്ള നീക്കം അണിയറയില്‍ സജീവമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ജുലൈ 20ന് തുടങ്ങി ഓഗസ്റ്റ് 13ന് അവസാനിച്ച വര്‍ഷകാല സമ്മേളനത്തില്‍ 19 സിറ്റിംഗ് മാത്രമാണ് നടന്നത്. സിജെപി സമരമടക്കം ശക്തമായ വേളയില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം ഉൾപ്പടെ നിര്‍ണ്ണായക ബില്ലുകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്‍റെ നീക്കം പൊളിഞ്ഞിരുന്നു. 13ന് സഭ പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിപ്പിച്ച് രാഷ്ട്രപതി ഇറക്കേണ്ട വിജ്ഞാപനം 27 ദിവസമായിട്ടും പുറത്ത് വരാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഗൂഢ നീക്കം സംശയിക്കുന്നത്. സാധാരണ സമ്മേളനം കഴിഞ്ഞാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ രാഷ്ട്രപതി വിജ്ഞാപനം ഇറക്കേണ്ടതാണ്. ഇക്കുറി വൈകിപ്പിക്കുന്നതിന്‍റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെന്ന് വേണം കരുതാനെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു. അക്കാര്യം ഉറപ്പിച്ചാല്‍ ഷോര്‍ട്ട് നോട്ടീസ് നല്‍കി സഭ വീണ്ടും സമ്മേളിക്കാനും അതുവഴി ബില്ലുകള്‍ പാസാക്കാനും കഴിയും. ആ സാധ്യത തേടിയാണ് സഭ പിരിച്ച് വിട്ട് വിജ്ഞാപനം ഇറക്കാത്തെതെന്നാണ് ആക്ഷേപം.

ബ്രിക്സ് ഉച്ചകോടി പരിഗണിച്ച് ഇപ്പോള്‍ മറ്റ് നീക്കങ്ങളിലേക്ക് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ പിന്നാലെ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. മുന്‍പ് 2015ല്‍ ലളിത് മോദി വിവാദത്തില്‍ മുങ്ങിപോയ സമ്മേളനം അവസാനിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്. സമ്മേളനകാലത്ത് വലിയ പ്രതിഷേധമുയര്‍ന്ന ജിഎസ്ടി ബില്‍ ആ ഇടവേളയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. 2016ലാണ് പിന്നീട് പാസാക്കിയത്.

Related Articles

Back to top button