എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥയായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് സമരത്തിനിടെ കുഴഞ്ഞുവീണു.

സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ ഫ്ലക്സ് ഉയർത്തി. മന്ത്രിമാരുടെ ചിത്രങ്ങൾ പതിച്ച വാഴപ്പിണ്ടിയും സെക്രട്ടേറിയറ്റ് പരിസരത്തേക്ക് വലിച്ചെറിഞ്ഞു. പൊലീസ് സേന ക്രമസമാധാനം തകർക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുകയാണെന്നും പൊലീസ് തന്നെയാണ് ക്രമസമാധാനം തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസ് നടപടിയെ ന്യായീകരിക്കുകയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എസിപിയുടെ കോളറിൽ പിടിച്ചെന്ന തരത്തിൽ ‘ശുദ്ധകളവ്’ പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാൻ മുൻ മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി. ജോയിയും ഉൾപ്പെടെയുള്ള നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തി.

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ ഇന്നലെ എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് അതിക്രമമുണ്ടായെന്നാരോപിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വനിതാ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് ഇന്നലെ പൊലീസ് നടപടിയുണ്ടായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും നടത്തിയെന്നും എസ്എഫ്ഐ ആരോപിച്ചു. സർവകലാശാലയിലും സർക്കാരിന്റെ മറ്റ് പരിപാടികളിലും വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്ന് യുഡിഎഫ് മന്ത്രിസഭാ യോഗത്തിലും വന്ദേമാതരം ആലപിക്കുമെന്ന് എസ്എഫ്ഐ പരിഹസിച്ചിരുന്നു. ദേശീയ കായിക ദിനമായ ഇന്നലെ ഗവർണറും സർവകലാശാല വൈസ് ചാൻസലറും മന്ത്രിമാരായ റോജി എം. ജോണും ഒ.ജെ. ജനീഷും പങ്കെടുത്ത വേദിയിലായിരുന്നു വന്ദേമാതരം ആലപിച്ചത്.

Related Articles

Back to top button