വയലിൻ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കയറിയ ബസിൽ പതിനേഴുകാരൻ നേരിട്ടത് കണ്ടക്ടറുടെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ജോലി ചെയ്യുന്ന ബസിൽ വെച്ച് വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് ഇയാൾ. ഞായറാഴ്ചകളിൽ ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ ഇയാൾ നിരന്തരം തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പതിനേഴുകാരൻ പരാതി നൽകിയതിനെ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിൻ ക്ലാസ് കഴിഞ്ഞ് രാവിലെ 11.15ഓടെ മാങ്കാവിൽ നിന്ന് പെരുമണ്ണയിലെ വീട്ടിലേക്ക് വരുന്നതിനിടെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളിൽ വച്ച് കരീം പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.



