കേരളത്തിൽ ആദ്യമായി കൂട്ടിലകപ്പെട്ട കരിമ്പുലി; ഇനി…

കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിക്ക് ഇനി പുത്തൂരിൽ വിദഗ്ധ പരിചരണം. പിടികൂടിയ പെൺകരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വിശദമായ ആരോഗ്യപരിശോധനയും നിരീക്ഷണവും ഉറപ്പാക്കാനാണ് വനംവകുപ്പിന്റെ നടപടി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കരിമ്പുലിയെ പാർക്കിൽത്തന്നെ പാർപ്പിക്കാനാണ് തീരുമാനം. കൂട്ടിൽ അകപ്പെട്ട കേരളത്തിലെ ആദ്യ കരിമ്പുലിയായതിനാൽ കൂടുതൽ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
പെൺകരിമ്പുലിയായതിനാൽ ഭാവിയിലെ പ്രജനനസാധ്യത കൂടി പരിഗണിച്ചാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ആദ്യം കരിമ്പുലിയെ ഉൾക്കാട്ടിൽ തുറന്നുവിടാനായിരുന്നു ആലോചന. എന്നാൽ ഈ തീരുമാനത്തിനെതിരെ എതിർപ്പുയർന്നതോടെ തുടർനടപടികളിൽ മാറ്റമുണ്ടായി.
ഇന്നലെ വൈകിട്ടാണ് കരിമ്പുലി കൂട്ടിൽ അകപ്പെട്ടത്. തുടർന്ന് രാത്രി തന്നെ കോന്നി ഇക്കോ ടൂറിസം സെന്ററിലേക്ക് മാറ്റി. പുലർച്ചയോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച കരിമ്പുലിയെ ഡോക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യനില വിലയിരുത്തിയശേഷം തുടർപരിചരണവും നിരീക്ഷണവും ഉറപ്പാക്കും.



