ബിജെപിക്കെതിരെ യുഡിഎഫ്-എൽഡിഎഫ് ഒന്നിച്ചു, പള്ളിപ്പുറം പഞ്ചായത്തിൽ..

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പാസായി. എൽഡിഎഫും യുഡിഎഫും ഒന്നിച്ച് നിലയുറപ്പിച്ചതോടെയാണ് ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ അഞ്ച് ഇടത് അംഗങ്ങളും പിന്തുണച്ചു. അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജെപിയിലെ വി. വിനീത സ്ഥാനത്തുനിന്ന് പുറത്തായി.
ആകെ 19 വാർഡുകളുള്ള പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്കും കോൺഗ്രസിനും ഏഴ് വീതവും സിപിഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പഞ്ചായത്ത് ഭരണത്തിലെത്തിയത്. എന്നാൽ ബിജെപി ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കും വികസന മുരടിപ്പിനുമെതിരെ കോൺഗ്രസ് നൽകിയ നോട്ടിസിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കുവെച്ചത്. അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിന്റെ പ്രമേയത്തെ എൽഡിഎഫിലെ അഞ്ച് അംഗങ്ങളും പിന്തുണച്ച് വോട്ട് ചെയ്തതോടെ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രമേയം പാസാകുകയായിരുന്നു. അവിശ്വാസ പ്രമേയം പാസായതോടെ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ആരംഭിക്കും.



