ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങിയ യുവാവിനെ ആക്രമിച്ച്…

മലപ്പുറം: നിലമ്പൂരിൽ ബാങ്കിൽ നിന്ന് പണവുമായി പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് പണം കവർന്നതായി പരാതി. കാളികാവ് അഞ്ചച്ചവിടി സ്വദേശി റഫീഖിൽ നിന്നാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിലമ്പൂർ ബാങ്ക് ഓഫ് ബറോഡ ശാഖയ്ക്ക് മുന്നിലായിരുന്നു സംഭവം. ബാങ്കിൽ നിന്ന് 9.9 ലക്ഷം രൂപ പിൻവലിച്ച് പുറത്തിറങ്ങിയ റഫീഖിനെ പുറത്ത് കാത്തുനിന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. റഫീഖും സംഘവും തമ്മിൽ ഉന്തും തള്ളും പിടിവലിയും ഉണ്ടായി.

ഇതിനിടെ റഫീഖിന്റെ ഷർട്ട് കീറുകയും ചെയ്തു. റഫീഖിന്റെ കൈവശം കത്തിയുണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച് ഇയാൾ സംഘത്തെ തിരിച്ചാക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. മ്യൂൾ അക്കൗണ്ട് വഴിയുള്ള സൈബർ തട്ടിപ്പ് പണം പിൻവലിക്കുന്നത് തടയാനാണ് സംഘം എത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണമോ സംഘത്തിലുള്ളവരുടെ വിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനും പിൻവലിക്കുന്നതിനുമായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന രീതിയെയാണ് മ്യൂൾ അക്കൗണ്ട് തട്ടിപ്പ് എന്ന് പറയുന്നത്. ഇത്തരം അക്കൗണ്ടുകൾ കേരളത്തിലും വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button