ദമ്പതിമാര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ്….ഭാര്യയെ രക്ഷപ്പെടുത്തി….ഭർത്താവിനായി തിരച്ചിൽ…

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽപ്പെട്ട ഭാര്യ ലതാകുമാരിയെ രക്ഷപ്പെടുത്തിയെങ്കിലും ഭർത്താവ് വിദ്യാധരനായി ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്ന് ശക്തമായ തിരച്ചിൽ നടത്തുകയാണ്.
പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് വെറ്റിനാട് തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനിടയിലാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിന് പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഓട്ടോറിക്ഷ കരയ്ക്കടുപ്പിച്ചെങ്കിലും വിദ്യാധരൻ അതിനുള്ളിൽ ഉണ്ടായിരുന്നില്ല. തോട്ടിലെ ശക്തമായ ഒഴുക്കിൽ ഇയാൾ ഒലിച്ചുപോയെന്നാണ് നിഗമനം.



