ആലുവ ഹാലോവീൻ പാർട്ടി കേസ്… സംഘാടക സംഘത്തിലെ 24കാരിയെ…

ആലുവ: ആലുവയിൽ നടന്ന ഹാലോവീൻ പാർട്ടി കേസിൽ സംഘാടക സംഘത്തിലെ 24കാരിയെ ചോദ്യം ചെയ്യാൻ പൊലീസ്. എറണാകുളം സ്വദേശിനിയായ യുവതി കേസിൽ അറസ്റ്റിലായ അലക്സിന്റെ അടുത്ത സുഹൃത്താണ്. പാർട്ടി ആസൂത്രണം ചെയ്തവരിൽ യുവതിക്കും പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പോക്സോ കേസിൽ അറസ്റ്റിലായ അലക്സിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അപേക്ഷ നൽകും. പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായാണ് അലക്സിന്റെ സുഹൃത്തായ യുവതിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. അലക്സിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെയാണ് സംഘം റിസോർട്ടിൽ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടുമായി ബന്ധപ്പെട്ടവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന് പുറമെ എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button