മേയറുടെ വാക്കുകൾക്ക് പിന്നാലെ ഇടപെടലുമായി സർക്കാർ…. ഉന്നതതല യോഗം വിളിച്ചു….

തിരുവനന്തപുരം: ഒറ്റദിവസത്തെ മഴയിൽ തിരുവനന്തപുരം നഗരം മുങ്ങിയ സംഭവത്തിൽ ഇടപെടലുമായി സർക്കാർ. കോർപറേഷന് പരിമിതികളുണ്ടെന്ന മേയർ വി വി രാജേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ജലവിഭവ വകുപ്പ് ഉന്നതതല യോഗം വിളിച്ചു. വിഷയം ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു..



