സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്…അനുനയിപ്പിക്കാൻ സിപിഐഎം…
പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ അവഗണനയെ തുടർന്ന് സിപിഐഎം വിട്ട പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്. ഷാഫി പറമ്പിൽ എംപിയുമായും വി കെ ശ്രീകണ്ഠൻ എം പിയുമായുമുള്ള ചർച്ചകൾ കഴിഞ്ഞു. പൊതുപ്രവർത്തനത്തിനായി ഏത് പാത തിരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമാണെന്ന് ഷുക്കൂർ പറഞ്ഞിരുന്നു.ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തന്നോട് വളരെ മോശമായി പെരുമാറുന്നുവെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് ലഭിക്കുന്നത് കൂടുതൽ അവഗണനയാണെന്നും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും അബ്ദുൽ ഷുക്കൂർ ആവർത്തിച്ചു.
അതേസമയം ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും. ബന്ധുക്കളെ കാണാൻ സിപിഐഎം നേതാക്കൾ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിന്റെ വീട്ടിൽ എൻ എൻ കൃഷ്ണദാസ് അടക്കമുള്ളവരെത്തി ബന്ധുക്കളുമായി സംസാരിച്ചു.




