ആശുപത്രിയിൽ നിന്ന് രണ്ടര വയസ്സുകാരനെ ചോക്ലേറ്റ് നൽകി തട്ടിക്കൊണ്ടുപോയി; യുവതിയും ഭർത്താവും…

തെലങ്കാനയിലെ നിസാമാബാദിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സംഗറെഡ്ഡി ജില്ലയിലെ നിസാമാപേട്ടിൽ താമസിക്കുന്ന സുജാത, യല്ലം എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ചാണ് ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ സംഗറെഡ്ഡി ജില്ലയിലെ ദൗലത്താബാദിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി.

സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ഓടെയാണ് സംഭവം. അമ്മമാർക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയുടെ ഇടനാഴിയിൽ മൂത്ത സഹോദരനൊപ്പം നിൽക്കുകയായിരുന്ന രണ്ടര വയസ്സുകാരനെയാണ് അജ്ഞാതയായ യുവതി സമീപിച്ചത്. ചോക്ലേറ്റ് നൽകിയ ശേഷം കുട്ടിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം കുട്ടി പോകുന്നത് ശ്രദ്ധയിൽപ്പെട്ട മൂത്ത സഹോദരൻ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ കുടുംബം ആശുപത്രിയിൽ നടത്തിയ തിരച്ചിലിനിടെ കുട്ടിയുമായി യുവതി ആശുപത്രി വിട്ടിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. നഗരത്തിലെ വിവിധ പൊലീസ് സംഘങ്ങൾ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായിട്ടും സൂചന ലഭിച്ചില്ല. തുടർന്ന് സംഭവത്തിന്റെ വിവരം മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങൾക്കും കൈമാറി.

Related Articles

Back to top button