ഉമ്മക്ക് പിന്നാലെ മൂന്നു വയസുകാരനും മരണത്തിന് കീഴടങ്ങി….

കർണാടകയിലെ ബേഗൂരിന് സമീപം ശനിയാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. വയനാട് മടക്കിമല സ്വദേശികളായ ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ കമ്പളക്കാട് കരിഞ്ചേരി അബ്ദുല്ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജസീറ (28) എന്നിവർ മരിച്ചു. പിന്നീട് മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസീറയുടെ മൂന്ന് വയസ്സുകാരനായ മകൻ ഹൈസം ഹനാനും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബഷീറിന്റെ സഹോദരിയുടെ മകനും ജസീറയുടെ ഭർത്താവുമായ മടക്കിമല നുച്ചയിലെ മുഹമ്മദ് ഷാഫി (32), ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ ഗുരുതരാവസ്ഥയിൽ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദേശയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ കുടുംബം സഞ്ചരിച്ച കാർ ബേഗൂരിനടുത്ത് ടോറസ് ലോറിയിൽ ഇടിച്ച് തകർന്നതാണ് ദുരന്തത്തിന് കാരണമായത്.




