ശസ്ത്രക്രിയയിലുണ്ടായ പിഴവ്…കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതി…

ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതി. പിത്തരോഗ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ പരപ്പനങ്ങാടി സ്വദേശി നസ്രീനയോടാണ് ആശുപത്രി മാറാൻ ഡോക്ടർമാർ ആവശ്യപ്പെട്ടത്. ചികിത്സക്കായുള്ള യന്ത്രം തകരാറിലായതിനാലാണ് ആശുപത്രി മാറാൻ നിർദേശിച്ചതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
രണ്ടാഴ്ച മുൻപാണ് പിത്താശയത്തിൽ കല്ലുണ്ടായതിനെ തുടർന്ന് നസ്രീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസം മുൻപ് ശസ്ത്രക്രിയയിലൂടെ പിത്താശയ സഞ്ചി നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് വയറിലിട്ട ട്യൂബിലൂടെ ലിക്വിഡ് ലീക്ക് ചെയ്യാൻ തുടങ്ങിയത്. ട്യൂബിലൂടെ രക്തവും പിത്തരസവുമാണ് പുറത്തേക്ക് വരുന്നത്. ഡോക്ടർമാരുടെ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.ഇനി വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി എൻഡോസ്കോപ്പി ചെയ്ത് ട്യൂബിടുന്നതിനായി ഇആർസിപി എന്ന മെഷീൻ്റെ സഹായം ആവശ്യമുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇആർസിപി മെഷീൻ തകരാറിലായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നുവെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇന്നലെയാണ് ഈ മെഷീൻ തകരാറിലായതെന്നും ഡോക്ടർമാർ പറയുന്നു. എന്നാല് ശസ്ത്രക്രിയ പിഴവ് മറച്ചു വെക്കുന്നതിനാണ് മെഷീൻ തകരാറിലാണെന്ന വാദം ഡോക്ടർമാർ ഉയർത്തുന്നതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് നസ്രീനയുടെ കുടുംബം.



