കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ പൂജ…

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ പൂജ നടത്തി ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഗണപതിഹോമവും പ്രത്യേക പൂജകളും നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയിൽ പങ്കെടുത്തു. സംഭവത്തിൽ പൊലീസ് വകുപ്പോ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ 12 മുതലാണ് വില്ലുപുരം സെഞ്ചിക്ക് സമീപത്തുനിന്ന് ഏഴുവയസുകാരിയെ കാണാതായത്.
കുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറിയിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവും ഉയർത്തിയിരുന്നു. ഇതിനിടെയാണ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയത്. സ്റ്റേഷനിലെ ദോഷം മാറാനും ഉദ്യോഗസ്ഥരുടെ സമ്മർദം കുറയ്ക്കാനുമാണ് പൂജ നടത്തിയതെന്നാണ് എസ്.ഐയുടെ വിശദീകരണം. അതേസമയം, പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.



