പകൽ ഹോട്ടൽ മാനേജർ, ഒഴിവുസമയത്ത് മാല പൊട്ടിക്കൽ…. വയോധികയുടെ മാല കവർന്ന…

കോഴിക്കോട്: ചാത്തമംഗലത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. ചേവായൂർ കോട്ടക്കുന്ന് വില്ലിക്കാട് സ്വദേശി ഷനൂപ് (26) ആണ് കുന്ദമംഗലം പോലീസിന്റെയും സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത തെരച്ചിലിൽ വലയിലായത്. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിൽ മാനേജരായി ജോലി ചെയ്തുവരുന്നയാളാണ് പ്രതിയായ ഷനൂപ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ ഈ സംഭവം നടക്കുന്നത്. ചാത്തമംഗലം പൂളപ്പറമ്പ് സ്വദേശിനിയായ ദേവകിയമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാലയാണ് പ്രതി അപഹരിച്ചത്. ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി റോഡിലൂടെ നടന്നുപോവുകയായിരുന്നു ദേവകിയമ്മ. ഈ സമയം ബൈക്കിലെത്തിയ ഷനൂപ് ദേവകിയമ്മയ്ക്ക് സമീപം വണ്ടി നിർത്തി വഴി ചോദിക്കുകയായിരുന്നു. ദേവകിയമ്മ കൃത്യമായി വഴി പറഞ്ഞുകൊടുത്തതിന് ശേഷം ഇയാൾ ബൈക്കുമായി മുന്നോട്ട് പോയി.

എന്നാൽ കുറച്ചുദൂരം സഞ്ചരിച്ച ശേഷം ബൈക്ക് തിരിച്ചു ഓടിച്ചെത്തിയ പ്രതി, ദേവകിയമ്മ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അവരുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ സ്വർണ്ണമാല ബലമായി വലിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുമായി പ്രതി നിമിഷങ്ങൾക്കകം ബൈക്കിൽ പാഞ്ഞുപോയി. തുടർന്ന് ദേവകിയമ്മ ഉടൻ തന്നെ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ എത്തി ഔദ്യോഗികമായി പരാതി നൽകി. ദേവകിയമ്മയുടെ പരാതി ലഭിച്ച ഉടൻ തന്നെ കുന്ദമംഗലം പോലീസും സ്‌പെഷ്യൽ സ്‌ക്വാഡും പ്രതിയെ പിടികൂടുന്നതിനായി ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. സമാനമായ രീതിയിൽ മുൻപ് മോഷണം നടത്തിയിട്ടുള്ള കള്ളന്മാരുടെ വിവരങ്ങൾ ശേഖരിച്ചും, ചാത്തമംഗലം പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഷനൂപ് പോലീസിന്റെ പിടിയിലാകുന്നത്.

കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുകയാണ് പിടിയിലായ ഷനൂപ്. ഈ ജോലിയുടെ ഒഴിവുസമയങ്ങളിലാണ് ഇയാൾ ബൈക്കുമായി കവർച്ചയ്ക്ക് ഇറങ്ങുന്നത്. ഇയാൾക്കെതിരെ ഇതിന് മുൻപും വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ സ്വർണ്ണാഭരണങ്ങൾ പിടിച്ചുപറിച്ച നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പിടികൂടിയ പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button