മീശക്കാരി ഷീജയാണിപ്പോൾ താരം
മീശ പൗരുഷത്തിന്റെ അലങ്കാരമായി കൊണ്ട് നടക്കുന്നവരാണ് പുരുഷൻമാർ, മീശപിരിച്ചും വെട്ടിയൊതുക്കിയും പുരുഷൻമാർ അതിനെ അഭിമാനത്തോടെ കൊണ്ട് നടക്കുന്നു. എന്നാൽ സ്ത്രീകളുടെ കാര്യമോ? ഹോർമോൺ വ്യതിയാനങ്ങൾ കാരണം സ്ത്രീകളുടെ ചുണ്ടിന് മുകളിൽ അല്പം രോമം കണ്ട് പോയാൽ എന്തോ വലിയ സംഭവം കണ്ടെത്തിയ മട്ടാണ് പലർക്കും.ചുറ്റിനും ഒന്ന് കണ്ണോടിച്ചാൽ പൊടിമീശയുടെ പേരിൽ അങ്ങനെ മാനസികമായി തകർന്ന ഒരുപാട് സ്ത്രീകളെ കാണാനാവും. ബ്യൂട്ടിപാർലറിൽ പോയും ചികിത്സയ്ക്ക് വിധേയരായും അപമാനത്തിന് കാരണമായ മീശ പലരും നീക്കം ചെയ്യാറുണ്ട്.എന്നാൽ പുരുഷകേസരികളെ പോലെ മീശ ഒരു അഭിമാനമായി കൊണ്ട് നടക്കുന്ന ഒരു സ്ത്രീയുണ്ട് അങ്ങ് കണ്ണൂരിൽ. മീശ കൊണ്ട് ബിബിസി വരെ തേടിയെത്തിയ മീശക്കാരി ഷീജയാണ് ആ താരം. കണ്ണൂർ കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജയാണ് സ്വന്തം മീശയിൽ ഇത്രയേറെ അഭിമാനം കൊള്ളുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ മീശയുമായി പ്രത്യക്ഷപ്പെട്ട് സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് ഷീജയെന്ന മീശക്കാരിയെ ലോകം ആദ്യമറിയുന്നത്. കണ്ടമാത്രയിൽ കളിയാക്കാനും കൈയ്യടിക്കാനും ആളുകളെത്തി.എന്നാൽ പൊടിമീശക്കാരിയായപ്പോഴെ ഇതെല്ലാം കണ്ടും കേട്ടും പരിചയിച്ച ഷീജയ്ക്ക് ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.
മകളെ സ്കൂളിൽ ചേർക്കാൻ പോയപ്പോൾ ആളുകൾ അടക്കിപിടിച്ച് ചിരിച്ചത് ഇന്നും ഓർമ്മയിലുണ്ടെന്ന് ഷീജ പറയുന്നു. പുറത്തുപോകുമ്പോൾ മീശ നോക്കി ആളുകൾ അടക്കം പറയുന്നത് ഇപ്പോൾ തനിക്ക് ശീലമായി.എന്തിനാണ് ഇങ്ങനെ മീശ വെയ്ക്കുന്നത് എന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ടെന്ന് ഷീജ കൂട്ടിച്ചേർത്തു.
ഈയിടെ ഒരു ഓപ്പറേഷന് വേണ്ടി ആശുപത്രിയിൽ പോയപ്പോൾ മീശയെടുക്കട്ടെ എന്ന് ചോദിച്ചു. അയ്യോ എടുക്കല്ലേ എടുത്താൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല എന്നു പറഞ്ഞു. വെറുതെ പറഞ്ഞതാണെന്നും അതാലോചിച്ച് ബിപി കൂട്ടണ്ട എന്നും ഡോക്ടർ പറഞ്ഞതായി മീശക്കാരി ഷീജ ഓർക്കുന്നു.