എയ്ഡഡ് കോളജുകൾ സർവകലാശാലകളായാൽ എയ്ഡഡ് സംവിധാനം ഇല്ലാതാകും… പി. രാജീവ്

കൊച്ചി: നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ സർവകലാശാല ബില്ലിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം. സ്വകാര്യ മേഖലയ്ക്ക് വൻതോതിൽ ഇളവുകൾ അനുവദിച്ച് വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം. സ്വകാര്യ സർവകലാശാല ഭേദഗതി ബിൽ നിലവിലെ വ്യവസ്ഥകളെ അട്ടിമറിക്കുന്നതാണെന്ന് മുൻ മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളീയർക്കുള്ള സംവരണ വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതാണ് പ്രധാന വിമർശനം. ഇടതുസർക്കാരിന്റെ ബില്ലിൽ കേരളീയർക്ക് 40 ശതമാനം സംവരണം ഉറപ്പാക്കിയിരുന്നുവെന്നും പുതിയ ബില്ലിൽ ഇത് 25 ശതമാനമായി കുറച്ചെന്നുമാണ് പി. രാജീവിന്റെ ആരോപണം. എയ്ഡഡ് കോളജുകൾക്ക് സർവകലാശാലകളായി മാറാൻ അനുമതി നൽകുന്ന വ്യവസ്ഥയെയും അദ്ദേഹം വിമർശിച്ചു. ഇതിലൂടെ എയ്ഡഡ് വിദ്യാഭ്യാസ സംവിധാനം ക്രമേണ ഇല്ലാതാകുമെന്നാണ് പി. രാജീവ് ചൂണ്ടിക്കാട്ടിയത്. സ്വകാര്യ സർവകലാശാലകൾക്ക് അന്യായമായ ഇളവുകളാണ് പുതിയ ബില്ലിലൂടെ അനുവദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ വികസനത്തേക്കാൾ വിദ്യാഭ്യാസ മേഖലയിലെ കച്ചവട സാധ്യതകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ഇത് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നീക്കമാണെന്നും പി. രാജീവ് പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



