ക്യാംപസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം… പ്രകടനങ്ങൾക്കും യോഗങ്ങൾക്കും…

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. സർവകലാശാല ഗവേണിംഗ് കൗൺസിലിന്റേതാണ് നടപടി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ തീരുമാനപ്രകാരം ക്യാംപസുകളിൽ പ്രകടനങ്ങൾ നടത്തുന്നതിനും യോഗങ്ങൾ ചേരുന്നതിനും പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി ആവശ്യമാണ്.

വിദ്യാർഥി സംഘടനകളുടെ യോഗങ്ങൾ ചേരുന്നതിനും ഇതേ വ്യവസ്ഥ ബാധകമാകും. അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും തീരുമാനമുണ്ട്. ക്യാംപസുകളിൽ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾ കൊണ്ടുവരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സർവകലാശാലയുടെ പുതിയ തീരുമാനം വിദ്യാർഥി സംഘടനകൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വിവിധ സംഘടനകളുടെ പ്രതിഷേധത്തിനും തീരുമാനം വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. മുമ്പും പല കോളജുകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കുലറുകൾ പുറത്തിറക്കിയിരുന്നു. അന്നും വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ തീരുമാനത്തോടെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ ക്യാംപസുകളിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ നിയന്ത്രണവിധേയമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button