മണ്ഡല പുനർനിർണയ ബിൽ നാളെ ലോക്സഭയിൽ… സ്റ്റാലിനെയും പവാറിനെയും…

ഡൽഹി: പുതിയ മണ്ഡല പുനർനിർണയ ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. ബിൽ പാസാക്കാനുള്ള നീക്കങ്ങളുമായി ബിജെപിയും ബില്ലിനെ എതിർക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യാസഖ്യവും അവസാനവട്ട ചർച്ചകളിലാണ്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് നിലപാടെടുത്ത ഡിഎംകെയെയും എൻസിപി ശരദ് പവാർ വിഭാഗത്തെയും അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം നേരിട്ട് രംഗത്തിറങ്ങുന്നത്.

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചെന്നൈയിലെത്തി മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് മുംബൈയിലെത്തി ശരദ് പവാറിനെയും കാണും. സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ചെന്നൈ യാത്രയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പങ്കെടുക്കും. കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറും രേവന്ത് റെഡ്ഡിയും ഒപ്പമുണ്ടാകും. ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ സജീവമായത്.

അതേസമയം, സഭ ചേരുന്നതിന് മുൻപ് എൻസിപി ശരദ് പവാർ വിഭാഗത്തെ ഇന്ത്യാസഖ്യത്തിനൊപ്പം നിലനിർത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. ബില്ലിൽ ഇതുവരെ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ലാത്ത ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നിലപാടും നിർണായകമാകും. അതിനിടെ, ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനിടെ അബുദബിയിലെത്തിയ കെ. സുധാകരൻ പാർട്ടി നിർദേശത്തെ തുടർന്ന് യാത്ര മാറ്റി ഡൽഹിയിലേക്ക് മടങ്ങി. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് സുധാകരന്റെ മടക്കം.

Related Articles

Back to top button