നേതാക്കൾക്കെതിരെ സൈബർ ആക്രമണം… തിരിച്ചടിക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

തിരുവനന്തപുരം: കോൺഗ്രസിലെ നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ നീക്കം. കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ തുടങ്ങിയ നേതാക്കൾക്കെതിരായ പ്രചാരണങ്ങൾക്ക് പ്രതിരോധം തീർക്കാനാണ് നീക്കം. നേതാക്കൾക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന വിലയിരുത്തലിലാണ് നടപടി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് പിന്നാലെയുണ്ടായ ഭിന്നതയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ എന്നിവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന സൈബർ ഹാൻഡിലുകളിൽ നിന്നാണ് ആസൂത്രിതമായ ആക്രമണം ഉണ്ടാകുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇതിന് തിരിച്ചടി നൽകാനുള്ള നീക്കമാണ് കെ.സി. വേണുഗോപാൽ പക്ഷം നടത്തുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മുതൽ കെ.സി. വേണുഗോപാലിനെയും ജെബി മേത്തറിനെയും പിന്തുണച്ചുകൊണ്ടുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് സൈബർ ആക്രമണങ്ങളെ അപലപിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്നും മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തതാണെന്നുമായിരുന്നു സുരേഷിന്റെ വിമർശനം.



