ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല… സമരവിജയം ആഘോഷിച്ച്…

എറണാകുളം: സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾ. കഴിഞ്ഞ മൂന്ന് നാല് മാസമായി 16 വിദ്യാർത്ഥികൾ അനുഭവിച്ച പ്രതിസന്ധികൾക്ക് ഇതോടെ അറുതിയായെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ജീവിതത്തിൽ തോറ്റുപോയാലും ആർഎസ്എസിനോട് തോൽക്കാൻ തയ്യാറല്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
ജൂലൈ 22നാണ് വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. അന്നുമുതൽ ക്യാമ്പസിൽ എസ്എഫ്ഐയെ ആക്രമിക്കാനുള്ള ശ്രമങ്ങളാണ് കെഎസ്യുവും സംഘപരിവാറും സർവകലാശാല അധികൃതരും നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സസ്പെൻഷൻ, അറസ്റ്റ്, പരീക്ഷ എഴുതുന്നതിൽ നിന്ന് തടയൽ തുടങ്ങിയ നടപടികളിലൂടെ വിദ്യാർത്ഥികളെ വേട്ടയാടുകയായിരുന്നുവെന്നും അവർ പറഞ്ഞു. തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. മാപ്പ് പറയാതെ തന്നെ പരീക്ഷ എഴുതുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
തങ്ങളെ എൺപതിലേറെ ദിവസം ക്യാമ്പസിന് പുറത്തുനിർത്തിയതിന് റോജി എം. ജോണും സി.സി. തോമസും സർക്കാരുമാണ് ഉത്തരവാദികളെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച്, പ്രത്യേക പരീക്ഷ എഴുതാനും അനുമതി നൽകിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സർവകലാശാലയിൽ വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി. നിരാഹാര സമരം അവസാനിപ്പിച്ച വിദ്യാർത്ഥികൾക്ക് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.



