കേരളോത്സവ സമാപനച്ചടങ്ങിൽ പ്രതിഷേധം… ട്രോഫികൾ തല്ലിത്തകർത്ത്…

തിരുവനന്തപുരം: മാണിക്കൽ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനച്ചടങ്ങിനിടെ പ്രതിഷേധവും സംഘർഷാവസ്ഥയും. മുഴുവൻ മത്സരഫലങ്ങളും പ്രഖ്യാപിക്കാതെ ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചതിലും അർഹരായവർക്ക് ട്രോഫികൾ നൽകാത്തതിലും പ്രതിഷേധിച്ചാണ് കോലിയക്കോട് ടീമിലെ ഒരുവിഭാഗം മത്സരാർഥികൾ രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ ട്രോഫികൾ തല്ലിത്തകർത്തു. ഞായറാഴ്ച വൈകിട്ട് ആറോടെ പിരപ്പൻകോട് ക്ഷേത്രത്തിലെ സ്റ്റേജിൽ നടന്ന സമാപനസമ്മേളനത്തിനിടെയായിരുന്നു സംഭവം.
വിജയികളുടെ പേരുകൾ പോലും പ്രഖ്യാപിക്കാതെയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി വിതരണം ചെയ്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നിരവധി മത്സരാർഥികൾക്ക് അർഹതപ്പെട്ട ട്രോഫികൾ ലഭിച്ചില്ലെന്നും ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിന്നീട് വീട്ടിലെത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രതിഷേധക്കാർ പറയുന്നു. ഇതിൽ പ്രകോപിതരായാണ് ട്രോഫികൾ തല്ലിത്തകർത്തതെന്നാണ് വിശദീകരണം. കേരളോത്സവത്തിനായി അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിച്ചില്ലെന്നും കായിക മത്സരവേദിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ പോലും ഒരുക്കിയിരുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചതിലും കൂടുതൽ മത്സരങ്ങൾ നടത്തിയതിനാൽ ട്രോഫികളുടെ കുറവുണ്ടായെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വേദിയിൽ വിതരണം ചെയ്യാൻ കഴിയാത്ത ട്രോഫികൾ പിന്നീട് മത്സരാർഥികൾക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.



