പ്രണയബന്ധം അവസാനിപ്പിച്ച പെൺസുഹൃത്തിന്റെ ഫ്ലാറ്റിന്..

പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പെൺസുഹൃത്തിന്റെ ഫ്ലാറ്റിന് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ. മുംബൈയിലെ ഡോംബിവ്‌ലിയിൽ വ്യാഴാഴ്ചയാണ് സംഭവം. ദീപേഷ് റസ്‌തോഗി എന്നയാളെയാണ് മൻപാഡ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവായതോടെയാണ് യുവതി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവാവിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ബന്ധം അവസാനിപ്പിക്കാനുള്ള യുവതിയുടെ തീരുമാനത്തിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. യുവതിയും മാതാപിതാക്കളും താമസിക്കുന്ന ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ പെട്രോളൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നു ഇയാൾ.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ ഉടൻ ഇടപെട്ട് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ യുവതിക്കും മാതാപിതാക്കൾക്കും പരിക്കേറ്റിട്ടില്ല. ബന്ധം അവസാനിപ്പിച്ചതിലുള്ള പ്രതികാരമായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെയും മാതാപിതാക്കളെയും ലക്ഷ്യമിട്ടാണോ ഇയാൾ കൃത്യം നടത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. മൻപാഡ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെയാണ് പ്രതിയുടെ അറസ്റ്റുവിവരം സ്ഥിരീകരിച്ചത്. നവംബർ 24 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Related Articles

Back to top button