പെട്രോൾ ബോംബും നാടൻ ബോംബുകളുമായി ആലപ്പുഴയിൽ യുവാവ്…

ആലപ്പുഴ: മുഹമ്മയിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി പൊലീസ്. പെട്രോൾ ബോംബുകളും നാടൻ ബോംബുകളും ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളുമായി മുഹമ്മ സ്വദേശി കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പെട്രോൾ ബോംബുകൾ, ഒരു നാടൻ ബോംബ്, 20 ഗുണ്ടുകൾ എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പെട്രോൾ ബോംബ് നിർമിക്കാനായി സൂക്ഷിച്ചിരുന്ന പെട്രോളും പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തെ ഷെഡിലായിരുന്നു പ്രതി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ മുഹമ്മ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന്റെ ഉദ്ദേശ്യമടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.



