ഗംഗയ്ക്ക് കുറുകെ 5,500 കോടിയുടെ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: ഗംഗാനദിക്ക് കുറുകെ നിർമിച്ച ആറുവരിപ്പാലമായ ‘നിതീഷ് സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 5,500 കോടി രൂപ ചിലവിൽ നിർമിച്ച 9.76 കിലോമീറ്റർ നീളമുള്ള പാലം ബിഹാറിലെ ഗതാഗതമേഖലയ്ക്ക് വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തൽ. വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയിലെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് പാലത്തിന് നിതീഷ് സേതു എന്ന് പേര് നൽകിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ എൻ.ഡി.എ ഭരണകാലത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ഒരുകാലത്ത് വൈദ്യുതിയില്ലാത്ത നിരവധി ഗ്രാമങ്ങൾ ബിഹാറിലുണ്ടായിരുന്നുവെന്നും ഇന്ന് സംസ്ഥാനം അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകി. ഒരുകാലത്ത് അഴിമതിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ബിഹാർ ഇന്ന് വികസനത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻപ് സംസ്ഥാനത്ത് ക്രിമിനലുകൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ഇന്ന് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കുകയും സംസ്ഥാന സർക്കാർ അവ നടപ്പാക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.




