ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർധന… ഇന്നലെ ദർശനം നടത്തിയത്…

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതൽ സന്നിധാനത്ത് തിരക്ക് കൂടി. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നശേഷം ആദ്യമായാണ് ഒരു ദിവസം 60,000ത്തിലധികം തീർത്ഥാടകർ ദർശനത്തിനെത്തുന്നത്. ഇന്നലെ രാത്രി 12 മണിവരെ 60,635 പേരാണ് മല ചവിട്ടിയത്. അതേസമയം, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരും യഥാർഥത്തിൽ ദർശനത്തിനെത്തുന്നവരും തമ്മിലുള്ള വ്യത്യാസം വർധിച്ചതിൽ അന്വേഷണം തുടരുകയാണ്.
മണ്ഡലകാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നെങ്കിലും ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ ദർശനത്തിനെത്തിയിരുന്നില്ല. ഈ അസ്വാഭാവികതയാണ് അധികൃതർ പരിശോധിക്കുന്നത്. ഏജന്റുമാർ കൂട്ടത്തോടെ വെർച്വൽ ക്യൂ ബുക്കിങ് നടത്തുന്നുണ്ടോയെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. അതേസമയം, ഉയരുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വസ്തുതയില്ലെന്നാണ് പരിശോധനയിൽ ബോധ്യപ്പെട്ടതെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് പരിധി 66,000ത്തിൽ നിന്ന് 71,000 ആയി ഉയർത്തിയിരുന്നു. 5,000 പേരുടെ വർധന ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്.
എന്നാൽ അധികമായി അനുവദിക്കുന്ന സ്ലോട്ടുകളും മണിക്കൂറുകൾക്കുള്ളിൽ ബുക്ക് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ അനുവദിച്ച ദിവസവും സമയത്തും തന്നെ ദർശനത്തിനെത്തണമെന്ന് എഡിഎം അഭ്യർത്ഥിച്ചു. തീർത്ഥാടനം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെങ്കിൽ നിലവിലെ ബുക്കിങ് റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തീയതി മാറ്റി ദർശനത്തിനെത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിർദേശം.



