വധശ്രമ കേസ് പ്രതികൾക്കൊപ്പം പൊലീസുകാരന്‍റെ ഉല്ലാസ യാത്ര….പരാതി നൽകി യൂത്ത് കോൺഗ്രസ്…

വധശ്രമ കേസ് പ്രതികളായ സിപിഎം പ്രവർത്തകൾക്കൊപ്പം പൊലീസുകാരൻ ഉല്ലാസ യാത്ര നടത്തിയതിനെതിരെ പരാതി. തളിപ്പറമ്പ് ശ്രീകണ്ഠപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ജയേഷിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പമുള്ള ജയേഷിന്റെ ചിത്രം പ്രചരിച്ചതോടെയാണ് ജയേഷിനെതിരെ യൂത്ത് കോൺഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും പരാതി കൊടുത്തത്. പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയായാണ് ജയേഷ്.
നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടുന്നതു വരെ അറസ്റ്റ് ചെയ്യാതിരുന്നത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഗുണ്ടകളായ കാപ്പ പ്രതികളോട് ബന്ധം പുലർത്തിയതിൽ പൊലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കാപ്പാ കേസ് പ്രതികളുമായി നിഷാന്ത് ചന്ദ്രൻ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



