ഇനിയും ചുമന്നാൽ പാർട്ടി നാറും… രാജ്മോഹൻ ഉണ്ണിത്താനെതിരെ….

കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താനെതിരെ നിലപാട് കടുപ്പിച്ച് കാസർഗോഡ് ഡിസിസി. ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ട ഡിസിസി, ഇനിയും അദ്ദേഹത്തെ ചുമന്നാൽ പാർട്ടി നാറുമെന്നും വിമർശിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെ കോൺഗ്രസിന് അപമാനമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ തുറന്നടിച്ചു. കെപിസിസി ഇടപെട്ട് ഉണ്ണിത്താനെ നിയന്ത്രിച്ചില്ലെങ്കിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്.
പരസ്യ പ്രതികരണത്തിന് ശേഷം തങ്ങളോട് വിശദീകരണം ചോദിക്കരുതെന്നും ഡിസിസി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കെപിസിസി ഭാരവാഹി യോഗത്തിലാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെയും കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, മന്ത്രി സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും ഉണ്ണിത്താൻ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം ഉന്നയിച്ച് നേരത്തെ രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിൽ ഇനിയും നിരവധി സ്ഥാനമോഹികളുണ്ടെന്നും ഉണ്ണിത്താൻ വിമർശിച്ചിരുന്നു. ഇതോടെയാണ് കാസർഗോഡ് ഡിസിസി നേതൃത്വവും പരസ്യമായി എതിർപ്പറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.



