തനിഷ്ക് ജ്വല്ലറി മോഷണം… യൂട്യൂബറും ബൈക്ക് ടാക്സി ഡ്രൈവറുമായ 25കാരനിലേക്ക്….

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മോഷണത്തിന് പിന്നിൽ ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമായ 25കാരനാണെന്നാണ് പൊലീസിന്റെ സംശയം. മധുര സ്വദേശിയായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷണത്തിന് മുൻപ് മൂന്ന് തവണ പ്രതി ജ്വല്ലറിയിലെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി.
ഓരോ തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നതെങ്കിലും മൂന്ന് തവണയും ഒരേ തൊപ്പി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. നവംബർ അഞ്ചിന് പുലർച്ചെ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള ട്രയൽ റണ്ണായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണത്തിന് പിന്നാലെ യുവാവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. പുലർച്ചെ സ്കൂട്ടറിൽ അതിവേഗത്തിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്നാണ് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്നത്. വയറിംഗ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഷോറൂമിൽ ലിഫ്റ്റിന്റെ ഭാഗത്തുകൂടിയാകാം മോഷ്ടാവ് അകത്തുകടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ മോഷ്ടാവ് കറുത്ത ബാഗും ട്രോളി ബാഗും കൈവശം വച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഡിസ്പ്ലേ വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കറിനുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഷോറൂമിന് പുറത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നുവെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സഞ്ചാരപാത കണ്ടെത്താൻ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പെട്രോൾ പമ്പുകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചുവരികയാണ്.




