വരുന്നു വീണ്ടും ചുഴലിക്കാറ്റ്, തിങ്കളാഴ്ച രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ശക്തി കൂടിയ ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



