എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം: 18 ദിവസമായി നിരാഹാരം; വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൽപിഎസ്ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ആശങ്കയിലേക്ക്. 18 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വളർമതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ച രാവിലെ സമരപ്പന്തലിൽ തിരിച്ചെത്തിയ അവർ നിരാഹാര സമരം പുനരാരംഭിച്ചു. രാത്രിയോടെ ആരോഗ്യനില വീണ്ടും വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.



