കെഎസ്ഇബി ജീവനക്കാരുടെ സഹകരണസംഘം തിരഞ്ഞെടുപ്പ്…

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി ജീവനക്കാരുടെ സഹകരണസംഘമായ സ്പെഷ്യൽ എ ഗ്രേഡ് ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ സിപിഐ അനുകൂല ഓഫീസർമാരുടെ സംഘടന ഒറ്റയ്ക്ക് മത്സരിക്കും. സിഐടിയു അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വം തങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സിപിഐയുടെ ഓഫീസർ സംഘടനയായ ഓഫീസേഴ്സ് ഫെഡറേഷൻ അറിയിച്ചു.

2021ൽ ഭരണസമിതിയിലെ അംഗങ്ങളുടെ എണ്ണം ഒൻപതിൽനിന്ന് 13 ആയി ഉയർത്തിയപ്പോൾ, അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് ഓഫീസേഴ്സ് ഫെഡറേഷന്റെ വാദം. എന്നാൽ ഈ ധാരണ ഇപ്പോൾ ലംഘിക്കപ്പെട്ടതായും അതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഓഫീസേഴ്സ് ഫെഡറേഷൻ ഒറ്റയ്ക്ക് മത്സരിക്കുമ്പോഴും എഐടിയുസി അനുകൂല സംഘടന സിപിഎം നേതൃത്വം നൽകുന്ന പുരോഗമന സഹകരണ മുന്നണിക്കൊപ്പമാണ് മത്സരിക്കുന്നത്. അതേസമയം, ഐഎൻടിയുസി യൂണിയൻ അവരുടെ യുഡിഇഎഫ് മുന്നണിയിൽ വിമതപക്ഷത്തിനും സീറ്റ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

Related Articles

Back to top button