രാഷ്ട്രപതിയുടെ ബോഡിഗാർഡിന് വെടിയേറ്റു… ദീപാവലി ആഘോഷത്തിനിടെ…

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡ് സംഘത്തിലെ സൈനികന് വെടിയേറ്റു. ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി അയൽവാസികളുമായുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. പ്രസിഡന്റ്സ് ബോഡിഗാർഡ് റെജിമെന്റിലെ സൈനികനായ സൗരഭ് തോമറിനാണ് വെടിയേറ്റത്. ചെവിയുടെ വശത്താണ് വെടിയേറ്റത്. പരിക്കേറ്റ സൗരഭിനെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുകയാണ്.

അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. 26കാരനായ സൗരഭ് 2021ലാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട വിഭാഗമായ പ്രസിഡന്റ്സ് ബോഡിഗാർഡിന്റെ ഭാഗമാണ് അദ്ദേഹം. നിലവിൽ രാഷ്ട്രപതി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് ജന്മഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം വെടിവെപ്പിലേക്ക് നീങ്ങുകയായിരുന്നു.

Related Articles

Back to top button