കൊലക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ…. എംഎൽഎമാരുടെ ചിത്രങ്ങൾ പുറത്ത്

കാസർകോട്: അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതി അഹമ്മദ് റയീസിനൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. സന്ദീപ് വാര്യർ എംഎൽഎ, എകെഎം അഷ്റഫ് എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എന്നിവരാണ് അഹമ്മദ് റയീസിനൊപ്പമുള്ളത്. ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
സംസ്ഥാന ക്രൈംബ്രാഞ്ച് നാല് വർഷമായി തിരയുന്ന പ്രതിയാണ് അഹമ്മദ് റയീസ്. പൈവളിഗെ അമ്പിക്കാന സ്വദേശിയായ ഇയാൾ മഞ്ചേശ്വരത്തെ മുഗു റോഡിൽ നടന്ന അബൂബക്കർ സിദ്ദിഖ് കൊലപാതകക്കേസിലെ പതിമൂന്നാം പ്രതിയാണ്. 2022 ജൂൺ 26നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സഹോദരനെ ബന്ദിയാക്കിയ ശേഷം ഗൾഫിലുള്ള അബൂബക്കർ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ സിദ്ദിഖിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി. തുടർന്ന് പൈവളിഗെയിലെ നൂച്ചിയിലുള്ള ഇരുനില വീട്ടിലും സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് കൊല്ലപ്പെട്ടു.
