ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്. റിസോർട്ടിൽ മദ്യം ഉപയോഗിച്ചതോ പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്തിയതോ അറിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. മുറി ബുക്ക് ചെയ്ത സമയത്ത് നൽകിയ ഐ.ഡി കാർഡുകൾ 18 വയസ്സ് കഴിഞ്ഞവരുടേതായിരുന്നുവെന്നും, അതിഥികൾ എത്തിയശേഷം ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നും റിസോർട്ട് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ റിസോർട്ട് മാനേജറുടേയും കെയർ ടേക്കറുടേയും മൊഴി ആലുവ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസിൽ അറസ്റ്റിലായ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനായി നാളെ പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പാർട്ടിയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.



