‘പടക്കം പൊട്ടിച്ചാൽ രോഗം മാറും’; പ്രസ്താവന തിരുത്തി ബിജെപി എംഎൽഎ

പടക്കം പൊട്ടിക്കുന്നത് രോഗങ്ങൾ ഭേദമാക്കുമെന്ന തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി പശ്ചിമ ബംഗാളിലെ ടോളിഗഞ്ച് എംഎൽഎയും നടിയുമായ പാപ്പിയ അധികാരി രംഗത്ത്. പഴമക്കാരുടെ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് താൻ അന്ന് സംസാരിച്ചതെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
തന്റെ മണ്ഡലത്തിലെ കാളി പൂജ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ മുന്നിൽ വെച്ച് പടക്കം പൊട്ടിയപ്പോൾ പടക്കം പൊട്ടിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എംഎൽഎ. “നമ്മുടെ മുഖ്യമന്ത്രി പടക്കം പൊട്ടിക്കാൻ അനുവാദം തന്നിട്ടുണ്ട്. പടക്കങ്ങളില്ലാതെ എങ്ങനെയാണ് കാളി പൂജ പൂർത്തിയാവുക? പോലീസിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ നമ്മൾ പടക്കം പൊട്ടിക്കും. പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കാൻ സഹായിക്കും” എന്നായിരുന്നു ഇവരുടെ പ്രസ്താവന.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തതോടെയാണ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തിയത്.



