സതീശൻ സർക്കാരിൻ്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ…എതിർക്കാതെ കെ എസ് യു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകൾക്ക് പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിരുന്ന കർശന മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിച്ചത് 56 ദിവസത്തിനുള്ളിൽ. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് മുൻകൂറായി സർക്കാരിന്റെ എൻ ഒ സി നിർബന്ധമാക്കിക്കൊണ്ട് സെപ്റ്റംബർ 11-നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നത്. എന്നാൽ 56 ദിവസത്തിന് ശേഷം, നവംബർ 6-ലെ പുതിയ സർക്കുലറിലൂടെ ഇതിൽ ഇളവ് വരുത്തി സർക്കാർ മുൻ നിലപാട് തിരുത്തുകയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം സ്വയംഭരണ കോളേജുകൾക്ക് ഇനി കോഴ്സുകൾക്കായി മുൻകൂർ എൻ ഒസി ആവശ്യമില്ല; പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷമോ കോഴ്സ് ആരംഭിച്ച ശേഷമോ സർക്കാരിനെ വിവരം അറിയിച്ചാൽ മതിയാകും. കൂടാതെ, ഓരോ വർഷവും എൻ ഒസി പുതുക്കണമെന്ന നിയമത്തിൽ ഇളവ് നൽകി അത് മൂന്ന് വർഷത്തിലൊരിക്കലാക്കി മാറ്റിയിട്ടുമുണ്ട്. സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ കോൺഗ്രസ് വിദ്യാർത്ഥിയൂണിയൻ എതിർത്തിട്ടില്ല. ഇളവുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ പഠനാവസരങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്ന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് കെ എസ് യു നിലപാട്.



