ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറും…പ്രധാന കണ്ണികളായ മൂന്ന് പേർ പിടിയിൽ….

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്ന വൻ മാഫിയാ സംഘത്തിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി സൈബർ പോലീസും സൈബർ ഡോമും സംയുക്തമായി നടത്തിയ സൈബർ പട്രോളിംഗിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തിയത്.

വിപിൻ വിൻസെന്റ് (32, പള്ളുരുത്തി), അജിത് വർഗീസ് (27, കുമ്പളങ്ങി), മുഹമ്മദ് റോഷൻ (26, പാലക്കാട്) എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മറ്റുള്ളവരെ പ്രലോഭിപ്പിച്ച് അവരുടെ പാസ് ബുക്കുകൾ, എ.ടി.എം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പുകാർക്ക് കൈമാറുന്ന ഇടനിലക്കാരാണ് ഇവർ. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതിനിടെ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

Related Articles

Back to top button