മോദിയുടെ 12 വർഷം, ബിജെപി ഭരണം ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ ക്ഷതം വലുതെന്ന്..

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 12 വർഷത്തെ കേന്ദ്രത്തിലെ ബി ജെ പി ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ ക്ഷതമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ പോലും കാര്യങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തിക്കുക എന്നത് ഏറെ ദുഷ്കരമാകുമെന്ന് അവർ പറഞ്ഞു. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളായ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ‘ദി ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശങ്ങൾ. 2004 ൽ രാജ്യത്തിൻറെ പ്രധാനമന്ത്രി പദം നിരസിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും, മൻമോഹൻ സിംഗുമായി മികച്ച ടീമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്നും അവർ വ്യക്തമാക്കി. ഇറ്റലിക്കാരിയെന്ന് വിളിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങൾ വല്ലാതെ വേദനിപ്പിച്ചുവെന്നും സോണിയ കൂട്ടിച്ചേർത്തു.



